Monday, November 26, 2018

ഓർമ്മകൾ

സ്കൂളിൽ ഞങ്ങളെ ഹിസ്റ്ററി പഠിപ്പിച്ച ഒരു അധ്യാപകനുണ്ടായിരുന്നു. അദ്ദേഹം കോപ്പിയടിക്കുന്നവരെ കൈകാര്യം ചെയ്തിരുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു.
ക്ലാസ് ടെസ്റ്റിന് ചോദ്യപേപ്പർ തന്ന ശേഷം അദ്ദേഹം സ്റ്റാഫ് റൂമിലേക്ക് പോകും. പരീക്ഷ തീരുന്ന സമയമാകുമ്പോൾ വന്നു പേപ്പർ വാങ്ങിക്കൊണ്ടു പോകുകയും ചെയ്യും. സാറില്ലാത്തതു കാരണം മിക്കവരും പുസ്തകം തുറന്നു വച്ച് രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചും, ബുദ്ധ, ജൈന മതങ്ങളെക്കുറിച്ചുമൊക്കെ തകർത്തെഴുത്തും. ഉത്തരമെഴുതിയ ആശ്വാസത്തോടെ പേപ്പർ കൊടുക്കുകയും ചെയ്യും.

ഇനിയാണ് കഥയുടെ രണ്ടാം ഭാഗം. ഒരു ദിവസം സാർ ഉത്തരക്കടലാസ്സുകളുമായി ക്ലാസ്സിൽ വരുന്നു. കൈയിൽ ഒന്നാന്തരം ചൂരൽ. കോപ്പിയടിച്ചവന്മാരൊക്കെ എഴുന്നേറ്റു നില്ക്കാൻ ആവശ്യപ്പെടുന്നു. ടെൻഷൻ മുറുകുന്നു. ചിലർ എഴുന്നേൽക്കുന്നു. ബാക്കിയുള്ളവർ കോപ്പിയടിച്ചില്ല എന്ന ഭാവത്തിൽ ഇരിക്കുന്നു. സാർ ഇരിക്കുന്നവരിൽ നിന്നും റാൻഡമായി ചിലരെ ചൂണ്ടി പെട്ടെന്നൊരു ചോദ്യം ചോദിക്കും. ചോദ്യം തീരുന്ന നിമിഷം തന്നെ എഴുന്നേറ്റു ഉത്തരം പറഞ്ഞിരിക്കണം, ഒരു സെക്കന്റിന്റെ താമസം വന്നാൽ അടി വീണത് തന്നെ. അടി എന്ന് പറഞ്ഞാൽ നല്ല ഒന്നാംതരം ചൂരൽക്കഷായം. ഡെസ്കിന്റെ അടിയിൽ കൂടി കാലിലും, തുടർന്ന് കയ്യിലും അതും കഴിഞ്ഞു ചിലപ്പോൾ അരിശം തീരാഞ്ഞു ക്ലാസ്സിന്റെ മുൻപിൽ നിറുത്തി തുടയിലും ശരിക്കു പൊട്ടിക്കും. കോപ്പിയടിച്ചെന്ന് സമ്മതിച്ചെഴുന്നേറ്റുനിന്നവർക്കൊക്കെ ലഘുവായ ശിക്ഷ മാത്രം. അതുകൊണ്ടുതന്നെ ഉത്തരം പറയുവാൻ കഴിയുമോയെന്നുള്ള പേടി നിമിത്തം കോപ്പിയടിക്കാത്തവരിൽ ചിലരും കോപ്പിയടിച്ചവരുടെ കൂടെ എഴുന്നേറ്റു നിൽക്കും. ഇപ്പോൾ ഓർക്കുമ്പോൾ രസം തോന്നുമെങ്കിലും, അക്കാലത്തു അതൊരു പേടിസ്വപ്നം തന്നെയായിരുന്നു.

പുതുവത്സര തീരുമാനങ്ങൾ

പുതുവത്സര തീരുമാനങ്ങൾ പലതും നടപ്പാകാതെ പോകുന്നതിന്റെ കാര്യം ആദ്യത്തെ കുറച്ചു നാളുകൾ കഴിഞ്ഞാൽ പിന്നീട് വർഷാവസാനം മാത്രമേ അതിനെപ്പറ്റി ഓർക്കുകയുള്ളു എന്നതുകൊണ്ടാണ്. ഒരു ത്രൈമാസ വിലയിരുത്തലെങ്കിലും നടത്തിയാൽ കുറെയൊക്കെ നടപ്പിലാക്കാൻ സാധിച്ചേക്കും.

ഒന്നും അത്ര നിസ്സാരമല്ല

ലോകത്തിലുള്ള സകല സാഹിത്യകൃതികളെയും വിമർശിച്ചിരുന്ന ആൾ കഥയെഴുതാനിരുന്നപ്പോളാണ് അതത്ര എളുപ്പമുള്ള പണിയല്ലെന്നു മനസ്സിലായത്. കഥയുടെ കൂട്ടുകൾ എല്ലാം അറിയാം, പക്ഷെ എല്ലാംകൂടി ചേർത്തുവന്നപ്പോൾ ഒരു അരുചി. പല കാര്യങ്ങളും ഇങ്ങനെയാണ്.

Sunday, November 25, 2018

പത്തു പൈസ

പ്രൈവറ്റ് ബസ്സിൽ വിദ്യാർത്ഥികൾക്ക് പത്തു പൈസ മിനിമം ചാർജ് ആയിരുന്ന ഒരു കാലത്തിന്റെ ഓർമ്മക്ക്. ഇടക്കെപ്പോഴോ മിനിമം ചാർജ് 15 പൈസയാക്കിയപ്പോൾ വിദ്യാർത്ഥികൾ സമരം ചെയ്തു വീണ്ടും പത്തു പൈസയിലെത്തിച്ചു. പിന്നെയും കുറേക്കാലം പത്തു പൈസയായിരുന്നു മിനിമം ചാർജ്.


ഇംഗ്ലീഷ് അറിയില്ലെങ്കിലെന്ത്

ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമല്ല ഭരണ നൈപുണ്യത്തിന്റെയും, കഴിവിന്റെയും അടിസ്ഥാനം. മന്ത്രിമാർക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിൽ, അറിവുള്ള ഒരു പരിഭാഷകനെ നിയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. ഇന്ത്യയിലെ സാഹചര്യത്തിൽ പലപ്പോഴും നല്ല വിദ്യാഭ്യാസമുള്ളവർ പോലും ഇംഗ്ലീഷ് സംസാരിക്കുവാൻ ബുദ്ധിമുട്ടുന്നുണ്ട്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്തതിന്റെ പേരിൽ മന്ത്രിമാരെയും മറ്റും താഴ്ത്തിക്കെട്ടുന്നതിനോട് യോജിക്കുവാൻ കഴിയുന്നില്ല.

കഥയില്ലാത്ത കഥകൾ

നമ്മുടെ രാജ്യത്തെക്കുറിച്ചും, പൂർവികരെക്കുറിച്ചും, കണ്ടുപിടുത്തങ്ങളെക്കുറിച്ചും ഒക്കെ അഭിമാനിക്കുന്നതു നല്ലതാണ്. എന്നാൽ റോക്കറ്റും, ഇന്റർനെറ്റും, വിമാനവും, മിസൈലും എന്നു വേണ്ട സകലതും നമ്മൾ പണ്ടുകാലത്തുതന്നെ കണ്ടു പിടിച്ചതാണെന്നുള്ള വീരവാദങ്ങളൊക്കെ അപഹാസ്യങ്ങളാണ്. കുറച്ചു ക്രെഡിറ്റ് ആധുനിക ശാസ്ത്ര, സാങ്കേതിക വളർച്ചക്കും, അതിനു പിന്നിൽ പ്രവർത്തിച്ചവർക്കും കൊടുക്കുന്നതല്ലേ യുക്തി.

മഴക്കോള്

ഇപ്പോൾ പ്രളയമുണ്ടാക്കുമെന്നു പറഞ്ഞുവന്ന മഴ എവിടേക്കോ പോയി. ചെറുതായിരിക്കുമെന്നു തോന്നിച്ച മഴ പ്രളയം കൊണ്ടുവന്നു.

മനുഷ്യനോ കന്നുകാലിയോ...

മനുഷ്യനേക്കാൾ വില കന്നുകാലികൾക്കാണെന്നാണ് ചില സംഭവങ്ങൾ വായിക്കുമ്പോൾ തോന്നുന്നത്.

നൊമ്പരക്കാഴ്ച

അനാഥത്വത്തിന്റെ ആഴം തിരിച്ചറിയാൻ കഴിയാതെ കളിചിരിയുമായി നടക്കുന്ന കുഞ്ഞുങ്ങളാണ് മരണവീടുകളിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാഴ്ച.

കൂഴച്ചക്ക

എത്ര മധുരമുണ്ടെങ്കിലും കൂഴച്ചക്കയോട് പലർക്കും അവഗണനയാണ്. എന്നാൽ നല്ല പഴുത്ത കൂഴച്ചക്ക കഴിക്കുന്നതിന്റെ രസം ഒന്ന് വേറെതന്നെയാണ്😋. സംശയമുള്ളവർ ഒന്ന് പരീക്ഷിച്ചു നോക്കുക. 

തുറന്ന പുസ്തകം

എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നു പറഞ്ഞിട്ട് അയാൾ വണ്ടിയിൽ കയറി. തിരഞ്ഞെടുത്ത പേജുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളുവെന്നു പറഞ്ഞില്ല.

സെൽഫി

അപകടകരമായ സെൽഫിയും, അനവസരത്തിലുള്ള സെൽഫിയും ഒരുപോലെ ദുരന്തമാവാം. കഴിവതും ഒഴിഞ്ഞിരിക്കുന്നതാണ് ബുദ്ധി.

വഴിയിൽക്കണ്ട പൂക്കൾ


രാവിലെ നടക്കാൻ പോയപ്പോൾ കണ്ടതാണ്.


സമയം

ചിലതൊക്കെ  ഈയടുത്തയിടെ നടന്നതുപോലെ തോന്നും. വർഷങ്ങൾ കടന്നുപോയെന്നറിയുമ്പോൾ അവിശ്വസനീയമായിത്തോന്നും. സമയം എത്ര വേഗത്തിലാണ് കടന്നു പോകുന്നത്.