Monday, April 30, 2018

ഒരു കോഴിക്കടയിലെ ഇരുമ്പു കൂട്ടിൽ രണ്ടു പൂവനുകൾ മത്സരിച്ചു പൊരുതുന്നതു കണ്ടു. ഒരാൾ മറ്റൊരാളെ തോൽപ്പിച്ചു മൂലയിലൊതുക്കി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കഴുത്തിൽ കത്തിവയ്ക്കപ്പെടുമെന്നറിയാതെ പൊരുതിയ ഇവരെ കണ്ടപ്പോൾ നമ്മൾ മനുഷ്യരും ഇങ്ങനെയൊക്കെത്തന്നെയല്ലേ എന്നു തോന്നിപ്പോയി.
പൂന്താനത്തിന്റെ വരികളാണോർമ്മ വരുന്നത്.
"കൂടിയല്ലാ പിറക്കുന്ന നേരത്തും, കൂടിയല്ലാ മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ".

Sunday, April 29, 2018

പ്രകൃതിയും, പ്രപഞ്ചവും എന്നെ എന്നും വിസ്മയിപ്പിക്കുന്നു. ഇത്ര വൈവിധ്യമുള്ള സസ്യ, ജന്തു ജാലങ്ങൾ, ആയിരമായിരം തരം മരങ്ങൾ, പൂക്കൾ, ഫലങ്ങൾ, പക്ഷികൾ, വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി. ഭൂമിയുടെ മുക്കാൽഭാഗവും മൂടുന്ന ശരാശരി മൂന്നര കിലോമീറ്റർ ആഴമുള്ള സമുദ്രം, അതിൽ പസിഫിക് മഹാസമുദ്രത്തിന്റെ മാത്രം വലിപ്പം എല്ലാ ഭൂഖണ്ഡങ്ങളും ചേർത്തുവച്ചാലുള്ളതിനേക്കാൾ വരും. ആയിരക്കണക്കിന് തരം സമുദ്ര ജീവികൾ. സെക്കൻഡിൽ 3 ലക്ഷം കിലോമീറ്റര് സഞ്ചരിക്കുന്ന, അതായത് ഒരു വർഷത്തിൽ 9,500,000,000,000 കിലോമീറ്റര് സഞ്ചരിക്കുന്ന പ്രകാശം കോടിക്കണക്കിനു വർഷങ്ങൾ സഞ്ചരിച്ചാലും എത്താത്ത ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന അനന്തമായ പ്രപഞ്ചം. ഭൂമിയെപ്പോലെ പതിമൂന്നു ലക്ഷം ഭൂമികളെ ഉൾക്കൊള്ളാൻ വലിപ്പമുള്ള സൂര്യൻ ഒരു ഇടത്തരം നക്ഷത്രം മാത്രമാണെന്നും, സൂര്യനെക്കാൾ പലമടങ്ങു വലിപ്പമുള്ള hypergiant നക്ഷത്രങ്ങൾ മുതൽ, ചെറുതും വലുതുമായ കോടിക്കണക്കിനു നക്ഷത്രങ്ങളും, കോടിക്കണക്കിനു നക്ഷത്രങ്ങളടങ്ങുന്ന, കോടിക്കണക്കിനു നക്ഷത്ര സമൂഹങ്ങളും(galaxies), പ്രകാശത്തെപ്പോലും പുറത്തേക്കു വിടാത്ത തമോഗർത്തങ്ങളും(black holes), കോടാനുകോടി ഗ്രഹങ്ങളും അടങ്ങുന്ന ഈ വമ്പൻ പ്രപഞ്ചത്തിലെ ക്ഷീരപഥമെന്ന നക്ഷത്ര സമൂഹത്തിലെ കോടിക്കണക്കിനു നക്ഷത്രങ്ങളുടെയിടയിൽ ഒരു നക്ഷത്രമായ സൂര്യന്റെ ഒരു ഗ്രഹമായ ഈ കൊച്ചു ഭൂമിയുടെ ആകെ വിസ്തൃതിയുടെ നാലിലൊന്നു ഭാഗമുള്ള കരയിൽ ജീവിക്കുന്ന നമുക്ക് വിസ്മയിക്കാതിരിക്കാനാവില്ല. ഇത്ര ഭയങ്കരമായ ഈ സംവിധാനം തനിയെ ഉണ്ടായി എന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇവയെ സൃഷ്ടിച്ചു പരിപാലിക്കുന്ന അത്യുന്നതനായ ദൈവത്തിന്റെ ജ്ഞാനവും, ശക്തിയും എത്ര ഉന്നതമായിരിക്കുന്നു!.